കണ്ണൂര്‍ : തളിപ്പറമ്പില്‍ പൊതു പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതിഷേധം. മുഖ്യമന്ത്രിയുടെ വേദിയിലേക്ക് നടന്ന് യൂത്ത്കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജ് ഉണ്ടായി. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിന് സമീപവും പ്രതിഷേധമുണ്ടായിരുന്നു. ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസിൻറെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കണ്ണൂരിലെ സ്വന്തം വീട്ടില്‍ താമസിക്കാതെ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിനോ കറുത്തനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനോ വിലക്കില്ലായിരുന്നു. എന്നാല്‍ കരിങ്കൊടി പ്രതിഷേധം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 700 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിയുടെ യാത്രക്കിടെയില്‍ കരിങ്കൊടി പ്രതിഷേധവുമായി നിരവധി സംഘടനകള്‍ എത്തിയിരുന്നു. ഇന്നലെ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴി വടകരയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. തുടര്‍ന്ന് പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന കലൂര്‍ മെട്രോ സ്റ്റേഷനില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുളെ പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. മെട്രോയില്‍ കയറാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌കും വിലക്കിയിരുന്നു.
ഇഷ്ടവസ്ത്രം ധരിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ല : മുഖ്യമന്ത്രി
ഇഷ്ടവസ്ത്രം ധരിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും, വഴി തടയുന്നുവെന്നുമെല്ലാം ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. കറുപ്പു നിറത്തിനു വിലക്കുണ്ടെന്ന വാര്‍ത്തകളെ സംബന്ധിച്ച് ആദ്യമായാണു മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
കേരളത്തിലേത് ഇടതുപക്ഷസര്‍ക്കാരാണ്. സംസ്ഥാനത്ത് ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന് മുന്‍പന്തിയില്‍ ഇടതുപക്ഷമായിരുന്നു. ആ സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രത്യേകവസ്ത്രം ധരിക്കാന്‍ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. ഇപ്പോള്‍ നടക്കുന്നത് നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിൻറെ പ്രത്യേകത കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.