ബ്രസ്സല്‍സ്: ബെല്‍ജിയത്തിലെ കടുപ്പിച്ച കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ക്കെതിര പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സ്വാതന്ത്ര്യം..സ്വാതന്ത്ര്യം എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരന്നു സമരക്കാര്‍ ഇ.യു ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെതിരായ പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തിയിരുന്നു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത സമരത്തിൻറെ ആദ്യഘട്ടം വളരെ സമാധാനപരമായിരുന്നു. എന്നാല്‍ ഭൂരിഭാഗം ആളുകളും പിരിഞ്ഞുപോയശേഷം നൂറിനടുത്ത് വരുന്ന ചെറിയൊരു വിഭാഗം പ്രതിഷേധക്കാര്‍ പോലീസിനെതിരെ അക്രമം അഴിച്ചുവിടാനുള്ള ശ്രമം നടത്തി.
കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ട് ബെല്‍ജിയം പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡെ ക്രൂ വെള്ളിയാഴ്ച പ്രസ്താവന നടത്തിയിരുന്നു. പ്രൈമറി സ്‌കൂളുകളും, ഡേ കെയറുകളുടെയും അവധിക്കാലം ഒരാഴ്ച നേരത്തെ ആരംഭിക്കുമെന്നും, ആറു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, ഇന്‍ഡോര്‍ ഇവന്റുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ള എന്നുമായായിരുന്നു അദ്ദേഹത്തിൻറെ പ്രഖ്യാപനം. നൈറ്റ് ക്ലബ്ബുകള്‍ അടച്ചിടുന്നതും, ബാറുകളുടെയും റസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനം രാത്രി 11 മണിവരെ ചുരുക്കിയുമുള്ള ഉത്തരവുകള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.