വാഷിംഗ്ടണില്‍ എത്തിയ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു

Covid Headlines USA

വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. സെന്റ് പാട്രിക് ദിനാചരണത്തിൻറെ ഭാഗമായുള്ള പരമ്പരാഗത യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ചയ്ക്കായി വാഷിംഗ്ടണില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഓവല്‍ ഓഫീസില്‍ കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി രോഗബാധിതനായത്. ബൈഡനുമായുള്ള കൂടിക്കാഴ്ച വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ നടന്നേക്കാമെന്നാണ് കരുതുന്നത്.

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന അയര്‍ലണ്ട് ഫണ്ട് ഗാല ഡിന്നറിനിടയിലാണ് നാടകീയമായി പ്രധാനമന്ത്രിയുടെ ‘കോവിഡ് പ്രഖ്യാപനം’ വന്നത്.

ജനപ്രതിനിധി സഭയിലെ സ്പീക്കര്‍ നാന്‍സി പെലോസി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ ഒരു അവാര്‍ഡ് സ്വീകരിക്കുന്നതിനായി ക്ഷണിച്ചു. എന്നാല്‍ അദ്ദേഹത്തിനു പകരം ഐറിഷ് അംബാസഡര്‍ ഡാന്‍ മുല്‍ഹാള്‍ ആണ് അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയത്. വേദിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കോവിഡ് ബാധിതനാണെന്ന് അറിയിക്കുകയായിരുന്നു.

ഓവല്‍ ഓഫീസില്‍ യുഎസ് പ്രസിഡന്റുമായുള്ള പരമ്പരാഗത സെന്റ് പാട്രിക്സ് ഡേ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. പ്രധാനമന്ത്രിയുടെ സംഘത്തിലെ ഒരു അംഗം കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു പരിശോധന.

കോവിഡ് ബാധിതനായ പ്രധാനമന്ത്രി സെല്‍ഫ് ഐസൊലേഷനിലാണ്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ല. വെര്‍ച്വലായി സെന്റ് പാട്രിക്സ് ഡേ ഇവന്റുകളില്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍ ഉദ്യോഗസ്ഥര്‍ തേടുന്നുണ്ടെന്നും അംബാസഡര്‍ അറിയിച്ചു.