അബുദാബി : പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന് കണ്ണീരോടെ യാത്രാമൊഴിയേകി യുഎഇ ജനത. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻറെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 2004 മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിൻറെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫേഴ്സ് മന്ത്രാലയം അറിയിച്ചത്. 74 വയസായിരുന്നു. രാഷ്ട്രത്തലവൻറെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. പള്ളിയില്‍ വെച്ചുനടന്ന നമസ്‌കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ശൈഖ് ഖലീഫയ്ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേര്‍ വിവിധ പള്ളികളില്‍ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തു.
അതേസമയം, യു എ ഇ പ്രസിഡൻറ് സായിദ് അല്‍ നഹ്‌യാനോടുള്ള ആദര സൂചകമായി ഇന്ത്യ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണത്തിൻറെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും. നേരത്തെ യു എ ഇ പ്രസിഡന്റിൻറെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്ത്യ – യു എ ഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി ഓര്‍മ്മിപ്പിച്ചു.
രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാൻറെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻറെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിൻറെ ചെയര്‍മാനുമായിരുന്നു.