പാരീസ് : ഫ്രാന്‍സിലെ പൊതു തിരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിച്ച മുന്നേറ്റം നടത്താന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിൻറെ നേതൃത്വത്തിലുള്ള സെന്‍ട്രിസ്റ്റ് എന്‍സെംബിള്‍ സഖ്യത്തിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പില്‍ തീവ്ര ഇടതു-വലതുപക്ഷ പാര്‍ട്ടികള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്.
എന്‍സെംബിള്‍ സഖ്യത്തിന് 577 സീറ്റുകളുള്ള നാഷണല്‍ അസംബ്ലിയില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിതിയാണ്. നിലവിലെ അസംബ്ലിയില്‍ 350 സീറ്റുകളുണ്ടായിരുന്ന ഇമ്മാനുവല്‍ മക്രോണിൻറെ മധ്യപക്ഷ സഖ്യത്തിന് 230 മുതല്‍ 240 വരെ സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളു. സര്‍ക്കാരിന് കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് 289 സീറ്റുകളാണ് വേണ്ടത്.
ഫ്രാന്‍സില്‍ മക്രോണ്‍ തുടങ്ങിവെച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനെ തിരഞ്ഞെടുപ്പു ഫലം ബാധിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വിധിയോടെ പെന്‍ഷന്‍ സമ്പ്രദായം പരിഷ്‌കരിക്കാനും വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 65 ആക്കി ഉയര്‍ത്താനുമുള്ള അദ്ദേഹത്തിൻറെ പദ്ധതിയൊക്കെ കോള്‍ഡ് സ്റ്റോറേജിലാകുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, ഗ്രീന്‍ പാര്‍ട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ചരിത്ര നേട്ടം കൊയ്യാന്‍ തീവ്ര ഇടതുപക്ഷ നേതാവ് ജീന്‍ ലൂക്ക് മെലന്‍കോണിന് സാധിച്ചു. മത്സരിക്കാത്തതിനാല്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയില്ലെങ്കിലും മക്രോണിന് എതിരാളിയുണ്ടെന്നും അത് താനാണെന്നും തെളിയിക്കാന്‍ ഇലക്ഷന്‍ വഴിയൊരുക്കി.
ന്യൂപ്സ് സഖ്യത്തിനും ഫ്രാന്‍സ് ഇന്‍സൗമിസ് (ഫ്രാന്‍സ് അണ്‍ബൗഡ്) പാര്‍ട്ടിയ്ക്കും പുതിയ അസംബ്ലിയില്‍ 165നും 175നും ഇടയില്‍ സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ നിയമസഭയില്‍ ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി സീറ്റുകളാണ് ഈ കക്ഷികള്‍ക്ക് ഇക്കുറി ലഭിച്ചത്. മക്രോണിൻറെ പാര്‍ട്ടിയുടെ തോല്‍വി സമ്പൂര്‍ണ്ണമായിരിക്കുകയാണെന്ന് മെലെന്‍കോണ്‍ പറഞ്ഞു. മാക്രോണിൻറെ അഹങ്കാരവും ധാര്‍മ്മികമായ പരാജയവുമാണ് ഇലക്ഷന്‍ തെളിയിക്കുന്നത്.
തീവ്ര വലതുപക്ഷ നേതാവ് മറൈന്‍ ലെ പെനിൻറെ റാസ്സെംബ്ലെമെന്റ് നാഷണല്‍ പാര്‍ട്ടി 80നും 85നും ഇടയില്‍ സീറ്റുകള്‍ നേടി. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റുകളാണ് പാര്‍ട്ടി നേടിയത്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലും ഇവര്‍ നിര്‍ണ്ണായക മല്‍സരം കാഴ്ച വെച്ചിരുന്നു.