ഡി.സി.സി പ്രസിഡന്‍റ്​ നിയമനത്തോടനുബന്ധിച്ച്‌​ കോണ്‍ഗ്രസ്​ നേതാവും എംപിയുമായ ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

Politics

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ്​ നിയമനത്തോടനുബന്ധിച്ച്‌​ കോണ്‍ഗ്രസ്​ നേതാവും എംപിയുമായ ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ശശി തരൂരിന്‍റെ അടുത്ത അനുയായിയെ ഡി.സി.സി പ്രസിഡന്‍റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം.

‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എം.പിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?’ – എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്‍റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്‍റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂര്‍ പി.സി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ മണ്ഡലം നോക്കിവെച്ചിട്ടുണ്ടോ എന്നും ഒരു പോസ്റ്ററിലുണ്ട്​. വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയെന്ന ആക്ഷേപവും പോസ്റ്ററുകളിലുണ്ട്​.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയില്‍ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കുകയാണ്​. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഇന്ന്​ കൂടിയാലോചന നടത്തുന്നുണ്ട്​. ഗ്രൂപ്പ്​ നേതാക്കന്‍ണാരോടുള്ള ചര്‍ച്ചകള്‍ കഴിഞ്ഞതാണ്​. അന്തിമ തീരുമാനത്തിനായി ഇരുവരും ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് പോകുന്നുമുണ്ട്​.

തിരുവനന്തപുരത്തെ പാനലില്‍ ജി.എസ് ബാബു, കെ.എസ് ശബരീനാഥന്‍, ആര്‍.വി രാജേഷ്, പാലോട് രവി എന്നീ പേരുകളാണുള്ളത്. ജി.എസ്​ ബാബു ശശി തരൂരിന്‍റെ നോമിനിയാണെന്നാണ്​ ആക്ഷേപം.