മാള്‍ട്ടാ സന്ദര്‍ശനം കുടിയേറ്റ പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചെന്ന് മാര്‍പാപ്പ

Europe Headlines International

വലേറ്റ : നാളെ മുതല്‍ ആരംഭിക്കുന്ന മാള്‍ട്ടാ സന്ദര്‍ശനം പ്രധാനമായും കുടിയേറ്റ പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ചാകുമെന്ന് സൂചന നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.

ശനി, ഞായര്‍ ദിവസങ്ങളിലാണ് മാര്‍പ്പാപ്പ മാള്‍ട്ടയിലെത്തുന്നത്. മാള്‍ട്ടയിലെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കെതിരെ വിവിധ തലങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലുള്ള പാപ്പയുടെ സന്ദര്‍ശനം കുടിയേറ്റക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനെ നിർബന്ധിത തമാക്കുമെന്നാണ് കരുതുന്നത്.

കുടിയേറ്റക്കാര്‍ പാര്‍ക്കുന്ന ഹല്‍ഫാര്‍ പീസ് ലാബ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. കുടിയേറ്റക്കാരോട് മനുഷ്യത്വത്തോടെയും അന്തസ്സോടെയും പെരുമാറണമെന്ന സര്‍ക്കാരിനുള്ള വ്യക്തമായ സന്ദേശമാണ് മാര്‍പാപ്പ ഈ സന്ദര്‍ശനത്തിലൂടെ നല്‍കുന്നതെന്ന് എന്‍ജിഒകള്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നു. ഈ കേന്ദ്രത്തില്‍ കുടിയേറ്റക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവര്‍ മാര്‍പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
ഉക്രൈയ്ന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന യൂറോപ്പിലെ നിരവധി രാജ്യങ്ങളിലൊന്നാണ് മാള്‍ട്ട. 26 ഉക്രൈനിയക്കാര്‍ ഇവിടെ അഭയാര്‍ത്ഥികളായെത്തിയിട്ടുണ്ട്.

ഒരിക്കല്‍ മാള്‍ട്ട സ്വാഗതം ചെയ്ത സെന്റ് പോള്‍സിൻറെ പാത പിന്തുടരുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അഭയമിരന്നെത്തുന്ന നിരവധി സഹോദരങ്ങളെ സ്വീകരിക്കാന്‍ മാള്‍ട്ട കൂടുതല്‍ പ്രതിജ്ഞാബദ്ധമാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

തൻറെ യാത്ര പ്രാര്‍ത്ഥനയിലുണ്ടാകണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ‘ഈ അപ്പോസ്തോലിക യാത്ര, സുവിശേഷത്തിൻറെ സ്രോതസ്സുകളിലേക്ക് മടങ്ങാനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുള്ള ഒരു ക്രിസ്ത്യന്‍ സമൂഹത്തെ നേരിട്ട് അറിയാനുമുള്ള അവസരമാകും’ – അദ്ദേഹം പറഞ്ഞു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ശേഷം മാള്‍ട്ട സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് പോപ്പ് ഫ്രാന്‍സിസ്.