പിണറായി വിജയന്റെ പൊലീസ് സംരക്ഷണം തനിക്ക് വേണ്ട : കെ.കെ രമ

Politics

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് സംരക്ഷണം തനിക്ക് വേണ്ടെന്ന് ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമ. ഭീഷണിയെ നേരിടാനുള്ള കെല്‍പ്പുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ സംരക്ഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും കെ.കെ രമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടി.പി. ച​ന്ദ്രശേഖരന്‍റെയും രമയുടെയും മകനായ അഭിനന്ദിനെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചത്. പിന്നാലെയാണ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത്. ഇതോടെയാണ് രമ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നായിരുന്നു കത്തിലെ പ്രധാന പരാമര്‍ശം. ടിപിയുടെ മകനെയും ആര്‍ എംപി നേതാവ് എന്‍ വേണുവിനെതിരെയുമാണ് കത്ത്. സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്‌സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്തില്‍ പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.