പോളണ്ട് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ് വരുന്നു

Europe Headlines

മിന്‍സ്‌ക : പോളണ്ട് അതിര്‍ത്തിയിലെ കുടിയേറ്റക്കാരുടെ അധിനിവേശം സംബന്ധിച്ച സംഘര്‍ഷത്തിന് അയവു വരുന്നതായി സൂചന. അഭയാര്‍ഥികളിലൊരു വിഭാഗം അവരുടെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിയതാണ് പ്രതിസന്ധി കുറയ്ക്കുമെന്ന് കണക്കാക്കുന്നത്. ഇറാഖ് ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ബലേറസില്‍ നിന്നുള്ള 500ഓളം കുടിയേറ്റക്കാരാണ് മടങ്ങിപ്പോയത്. കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ആദ്യ വിമാനമാണിത്.

ബോയിംഗ് 747 വിമാനത്തില്‍ 431 പേരാണ് ഉണ്ടായിരുന്നതെന്ന് കുര്‍ദിസ്ഥാനിലെ സ്വയം ഭരണ ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. ഇവര്‍ സ്വമേധയാ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നെന്ന് ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി. മിക്ക യാത്രക്കാരും അര്‍ബിലില്‍ ഇറങ്ങി. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവരിലേറെയും പ്രാദേശിക ടിവി ക്യാമറകളില്‍ നിന്നും മുഖം മറയ്ക്കാന്‍ ശ്രമിച്ചു. എന്നിരുന്നാലും, പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെട്ടെന്ന ആശ്വാസം പലരുടെയും മുഖത്ത് കാണാനായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധവും ദാരിദ്ര്യവും നിറഞ്ഞ മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് പോളണ്ടിലൂടെ ഇയുവില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയില്‍ ബലേറസ് അതിര്‍ത്തിയില്‍ ആഴ്ചകളോളം കഴിഞ്ഞത്. ഒടുവില്‍ അത് നടക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം മടങ്ങാന്‍ സന്നദ്ധമായത്. കൂട്ടത്തോടെയെത്തിയ അഭയാര്‍ഥികളെ പോളണ്ട് വിലക്കിയതോടെ സംഘര്‍ഷത്തിന് കാരണമായി. കുടിയേറ്റക്കാര്‍ ബലം പ്രയോഗിച്ച് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോളണ്ട് അതിര്‍ത്തി സംരക്ഷണ സേന ടിയര്‍ഗ്യാസും ജലപീരങ്കിയുമൊക്കെ പ്രയോഗിച്ചിരുന്നു.