പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

Kerala

കല്‍പ്പറ്റ : പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവരാണ് പിടിയിലായത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ പ്രതികള്‍ മുങ്ങുകയായിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച്‌ ടവറില്‍ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് പ്രതികള്‍ കബളിപ്പിച്ചത്. തട്ടിപ്പ് സംഘമാണിതെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ തന്നെ പൊലീസിനെ നേരിട്ട് വിവരമറിയിച്ചു. എന്നാല്‍ പ്രതികള്‍ ഈ സമയം ജില്ല കടന്നിരുന്നു.

കുപ്പാടിയിലെ റിസോര്‍ട്ടില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബത്തേരി പൊലീസ് താക്കീത് നല്‍കി വിട്ടയച്ചവരാണ് നാല് പേരും. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.