ചൈന ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും

China Headlines India Russia

ന്യൂഡല്‍ഹി : പതിനാലാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ചൈന ആതിഥേയത്വം വഹിക്കുന്ന വെര്‍ച്വല്‍ ഉച്ചകോടി ജൂണ്‍ 23, 24 തീയതികളിലാണ് നടക്കുക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കുക. ഉക്രൈന്‍-റഷ്യ യുദ്ധത്തിന് പിന്നാലെ ലോകമാകെ സംഭവിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നീ രാഷ്ട്ര തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. എല്ലാ വികസ്വര രാജ്യങ്ങള്‍ക്കും പൊതുവായ ആശങ്കയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി ബ്രിക്‌സ് മാറും.

തീവ്രവാദ വിരുദ്ധത, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, കൃഷി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും എന്നീ വിഷയങ്ങളായിരിക്കും പ്രധാനമായും 14-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ചകാളാകുക.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതും ആഗോള സാമ്പത്തിക വീണ്ടെടുക്കലും ചര്‍ച്ചകളില്‍ വിഷയമാകും. ജൂണ്‍ 24-ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല ചര്‍ച്ചയും നടക്കും.