ന്യൂഡല്‍ഹി : റഷ്യ-ഉക്രെയ്ന്‍ യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ചു. ഉക്രെയ്‌നിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിര്‍ത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. ഉക്രെയ്‌നുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് പുടിന്‍ നരേന്ദ്ര പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു.
റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി പുടിനെ ധരിപ്പിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ടെലിഫോണിലൂടെയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.
ഉക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുവെന്നും മോദി അറിയിച്ചു.
നേരത്തേ, യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് ഉക്രെയ്ന്‍ അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് പുടിനുമായും സെലെന്‍സ്‌കിയുമായി സംസാരിക്കണമെന്നും ഇന്ത്യയിലെ ഉക്രെയ്ന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ പറഞ്ഞിരുന്നു.
ഉക്രെയ്‌നിലെ സാഹചര്യം സങ്കീര്‍ണമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മലയാളികളടക്കം 20,000 ഇന്ത്യക്കാരെയാണ് ഉക്രെയ്‌നില്‍നിന്ന് ഒഴിപ്പിക്കാനുള്ളത്. ഇതുവരെ 4000 പേരെ തിരിച്ചെത്തിച്ചു. ഒഴിപ്പിക്കാനുള്ളവരെ പോളണ്ട്, ഹംഗറി, റുമാനിയ, സ്ലോവാക്യ എന്നീ നാലു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാനാണ് നീക്കമെന്നും സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
ഉക്രൈനില്‍നിന്ന് സഹായം തേടി 468 മലയാളി വിദ്യാര്‍ഥികള്‍ നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ടു. സഹായം തേടിയവരില്‍ കൂടുതല്‍ പേര്‍ ഒഡേസ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാണ്. വിമാനങ്ങള്‍ മുടങ്ങിയതുമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഉക്രെയ്‌നിലേക്കുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ റദ്ദാക്കിയിതിനാലാണ് ഇന്ത്യക്കാരെ രക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്.