മ്യൂണിച്ച്: ജര്‍മ്മനി ആഥിതേയത്വം വഹിക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂണിച്ചില്‍. ഇന്നെലെയും ഇന്നുമായി നടക്കുന്ന ജി-7 സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായാണ് ഇന്ത്യ പങ്കെടുക്കുന്നത്. സമ്മേളത്തിന് മുന്നോടിയായി യൂറോപ്പിലുടനീളമുള്ള ഇന്ത്യന്‍ പ്രവാസികള്‍ മോദിക്ക് സ്വീകരണം നല്‍കി. Audi Dome ലായിരുന്നു സ്വീകരണ പരിപാടി.
ലോകത്തിലെവിടെ ജീവിക്കുന്നവരാണെങ്കിലും, ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് ഇന്ത്യക്കാരെന്ന് മോദി സദസ്സിനോടായി പറഞ്ഞു. ഇന്റസ്ട്രി 4.0 യില്‍ ഇന്ത്യയാണ് മുന്‍പന്തിയിലെന്നും, ഡിജിറ്റല്‍ ഐ.ടി മേഖലകളിലും, സ്റ്റാര്‍ട് അപ് മേഖലയിലും ഇന്ത്യ ബഹൂദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ 1.96 ബില്യണ്‍ പിന്നിട്ടിരിക്കുന്നു, 90 ശതമാനത്തിലേറെ മുതിര്‍ന്നവരും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു, ഇന്ത്യയിലെ വാക്‌സിനേഷന്‍ പൂര്‍ത്തികരിക്കാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ആളുകള്‍ പറഞ്ഞ സ്ഥാനത്താണ് ഇത്, തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്ത്യക്കാര്‍ അക്ഷമരായി പ്രവര്‍ത്തിക്കുമെന്നതിൻറെ തെളിവാണിതെന്നും, ഓരോ ഇന്ത്യക്കാരൻറെയും ധൈര്യമാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
കാനഡ, യു.എസ്,ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ജപ്പാന്‍, യു.കെ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി-7 സമ്മേളനത്തില്‍ ജര്‍മ്മനിയുടെ പ്രത്യക ക്ഷണം പ്രകാരമാണ് മോദി പങ്കെടുക്കുന്നത്. ഇന്ത്യയെക്കൂടാതെ അര്‍ജന്റീന, ഇന്തോനേഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും ജര്‍മ്മനി ക്ഷണിച്ചിട്ടുണ്ട്.
സമ്മേളനത്തിൻറെ ആദ്യ ദിവസമായ ഇന്നലെ അര്‍ജന്റീനയുടെ പ്രസിഡന്റുമായി മോഡി കൂടിക്കാഴ്ച നടത്തി. രണ്ടാം ദിവസമായ ഇന്ന് യു.കെ, ഫ്രാന്‍സ്, ജപ്പാന്‍, യു.എസ് ജര്‍മ്മനി എന്നീ രാഷ്ട്രനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഉക്രൈന്‍ വിഷയം, ആഗോള ഊര്‍ജ്ജ പ്രതിസന്ധി, ഭക്ഷ്യ പ്രതിസന്ധി, ഇന്റോ-പസഫിക് മേഖലയിലെ സുരക്ഷ, തീവ്രവാദത്തെ എതിര്‍ക്കല്‍ എന്നിവയാണ് ഇത്തവണത്തെ ജി-7 ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.