മീഡിയ വണ്ണിൻറെ ഹര്‍ജി ഹൈക്കോടതി തള്ളി

Breaking News Business India Social Media

കൊച്ചി : മീഡിയ വണ്‍ ചാനലിൻറെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിൻറെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും മീഡിയ വണ്‍ അറിയിച്ചു.

ചാനലിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻറെ നടപടി കേരള ഹൈക്കോടതി ശരിവച്ചു.

ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിച്ചതിൻറെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജനുവരി 31 -നാണു കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിൻറെ സംപ്രേഷണം വിലക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സ് പുതുക്കാനാവില്ലെന്നു സര്‍ക്കാര്‍ മീഡിയ വണ്‍ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. ഇതിനെതിരായി മാനേജ്മെന്റ് അന്നു തന്നെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു സ്റ്റേ ചെയ്തു. ഫെബ്രുവരി രണ്ടിനു ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഇടക്കാല ഉത്തരവിൻറെ കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടിയിരുന്നു.