ഒരു പരമ്പരയില്‍ രണ്ട് തവണ വിരാട് കോഹ്ലിയെ പുറത്താക്കിയ അയര്‍ലണ്ട് താരം വിരമിച്ചു

Entertainment Headlines India Ireland Sports

ഡബ്ലിന്‍ : അയര്‍ലണ്ട് താരം പീറ്റര്‍ ചേസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏതൊരു ബൗളറും നേടാന്‍ ആഗ്രഹിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ്, രണ്ട് തവണ ഒരു ഒറ്റ സീരിസില്‍ നേടിയ താരമാണ് പീറ്റര്‍ ചേസ്. പരിക്കുകള്‍ നിരന്തരം അലട്ടിയിരുന്ന 28-കാരന്‍ ജൂണ്‍ 9 -നാണ് തൻറെ എട്ട് വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചത്.

2014ല്‍ ശ്രീലങ്കയ്ക്കെതിരായ ലിസ്റ്റ് എ മത്സരത്തിലാണ് ചേസ് അയര്‍ലന്‍ഡിനായി അരങ്ങേറ്റം കുറിച്ചത്. 43 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 60 വിക്കറ്റുകള്‍ നേടിയ താരം, 2018ല്‍ തൻറെ ഹോം ക്ലബ് ഗ്രൗണ്ടായ മലാഹിഡില്‍ ഇന്ത്യയ്ക്കെതിരെ 4-35 എന്ന മികച്ച പ്രകടനവും നടത്തി. ആ രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ചേസ് രണ്ട് തവണ വിരാട് കോലിയെ പുറത്താക്കിയിരുന്നു. 15.4 ശരാശരിയില്‍ 5 വിക്കറ്റുകള്‍ വീഴ്ത്താനും ഈ മീഡിയം ഫാസ്റ്റ് ബൗളറിനായി.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്റര്‍ പ്രവിശ്യാ പരമ്പരയില്‍ ആധിപത്യം പുലര്‍ത്തിയ ലെയിന്‍സ്റ്റര്‍ ലൈറ്റ്‌നിംഗ് ടീമിലെ സ്ഥിരം അംഗമായിരുന്നു ചേസ്. പ്രവിശ്യയ്ക്ക് വേണ്ടി 54 മത്സരങ്ങളില്‍ നിന്നായി 86 വിക്കറ്റ് വീഴ്ത്തി. ഡര്‍ഹാം കൗണ്ടി ക്രിക്കറ്റ് ക്ലബിനുവേണ്ടിയും കളിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റില്‍ കൗണ്ടി ടീമിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു, മൂന്ന് കളികളില്‍ നിന്ന് 11 വിക്കറ്റുകളും വീഴ്ത്തി.