വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കo ; അയല്‍വാസിയായ യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു : അറസ്റ്റ്‌

Crime

വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 54-കാരന്‍ അയല്‍ക്കാരനെ വെട്ടിപരിക്കേല്‍പിച്ചു. മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം ടാറ്റാ ടീ എസ്റ്റേറ്റ് ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന രാജി(32)നാണ് വെട്ടേറ്റത്. ആക്രമണത്തില്‍ രാജിന്റെ ഒരു ചെവി അറ്റുപോയി. കഴുത്തിലും വെട്ടേറ്റു. സംഭവത്തില്‍ അയല്‍വാസിയായ പളനി(54)യെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

രാജിന്റെ വളര്‍ത്തുനായ പളനിയുടെ വിറകുപുരയില്‍ കാഷ്ഠിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും നായ ഇത് ആവര്‍ത്തിച്ചതോടെ പളനി പ്രകോപിതനായി. തുടര്‍ന്ന് കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പിക്കുകയുമായിരുന്നു. പരിക്കേറ്റ രാജിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അറ്റുപോയ ചെവി ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്നാര്‍ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.