പെഗാസസുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. മാധ്യമ വാര്‍ത്തകള്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സര്‍ക്കാര്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. ജനാധിപത്യ സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് റിപ്പോര്‍ട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വിഷയത്തില്‍ രാജ്യസഭ ഇന്ന് ഉച്ചയ്ക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പുതിയ മന്ത്രിമാരുടെ പേര് കേള്‍ക്കാന്‍ പോലും പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.