പി.സി ജോര്‍ജ്ജ് ഇന്ന് ജയിലില്‍ത്തന്നെ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Headlines Kerala Politics

തിരുവനന്തപുരം : വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45 നാവും ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അതിനാല്‍ ജോര്‍ജ്ജിന് ഇന്ന് ജയിലില്‍ത്തന്നെ കഴിയേണ്ടിവരും. അതേസമയം വെണ്ണല കേസില്‍ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ജോര്‍ജ്ജിനെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പി.സി.ജോര്‍ജ്ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനെന്നും പി.സി.ജോര്‍ജ്ജിൻറെ ശബ്ദ സാംപിള്‍ പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രീണന രാഷ്ട്രീയത്തിൻറെ രക്തസാക്ഷിയാണ് പി.സി.ജോര്‍ജ്ജെന്ന് അദ്ദേഹത്തിൻറെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. ഇവിടത്തെ മത, ജാതി സ്പര്‍ധ വളര്‍ത്തിക്കൊണ്ട് വോട്ടു നേടാനുള്ള ശ്രമമാണ് സര്‍ക്കാരിൻറെത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് ഇപ്പോഴത്തെ നടപടി. തൃക്കാക്കര ഉപതെരഞ്ഞടുപ്പു കഴിഞ്ഞിരുന്നെങ്കില്‍ അറസ്റ്റും എഫ്‌ഐആറും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരതയാണെന്നായിരുന്നു പി സി ജോര്‍ജ്ജിൻറെ പ്രതികരണം. തന്നെ ഇങ്ങനെ ദേഹണ്ഡിച്ച് കൊണ്ട് നടക്കുന്നതെന്തിനാണ്. ഇന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയതാണ്. ജാമ്യം ലഭിച്ചതിന് ശേഷം എല്ലാം പറയാം. അറസ്റ്റില്‍ സമൂഹം മറുപടി പറയട്ടെയെന്നും പിസി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.