തിരുവനന്തപുരം : സോളാര്‍ സരിതയുടെ പീഡനപരാതിയില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി – 3 ആണ് ജാമ്യം അനുവദിച്ചത്. വാദം പൂര്‍ത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
നിലവില്‍ ഒമ്പതു കേസുകളില്‍ പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. ജാമ്യം ലംഘിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്നും മതവിദ്വേഷ പ്രസംഗമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയായ പി സി ജോര്‍ജ് കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം പി സി ജോര്‍ജിനെതിരായി പീഡനപരാതി ഫയല്‍ ചെയ്ത പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതികള്‍ നല്‍കിയ ആളാണ് പരാതിക്കാരിയെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്നും തിരശീലയ്ക്ക് പിന്നില്‍ മറ്റ് പലരുമാണെന്നും വാദിച്ച പ്രതിഭാഗം പരാതിക്കാരിയെ കൊണ്ട് കള്ളപരാതി നല്‍കിയതാണെന്നും വാദിച്ചു.
പി സി ജോര്‍ജിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതിനാല്‍ ജയിലിലടയ്ക്കരുതെന്നും പി സി ജോര്‍ജിൻറെ അഭിഭാഷകന്‍ വാദിച്ചു. പ്രതിഭാഗം നടത്തിയ ഈ വാദങ്ങളെ മുഖവിലയ്‌ക്കെടുത്ത് കൊണ്ടാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.ഫാരീസ് അബുബക്കറിൻറെ പേരിലാണ് പിണറായി വിജയൻ അമേരിക്കയിൽ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പി സി ജോർജ്ജ് ആരോപിച്ചു.