ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായി

Breaking News Election Pakistan Politics

പാകിസ്ഥാനിൽ അര്‍ദ്ധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായി. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍. പകല്‍ മുഴുവന്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഉയര്‍ന്ന നാടകീയതയ്ക്ക് ശേഷം അവസാന പന്ത് വരെ നേരിടുമെന്ന് പറഞ്ഞിരുന്ന ഇമ്രാന്‍ ഖാന്‍ അവിശ്വാസം നേരിടാന്‍ അവസാന നിമിഷം വരെ തയ്യാറായില്ല. ഒടുവില്‍ കോടതിയും പട്ടാള മേധാവിയും ഇടപെട്ടതോടെ ഇമ്രാന്‍ പുറത്തായി.

പ്രധാനമന്ത്രിയെ പുറത്താക്കാന്‍ 172 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ 342 അംഗ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസ്സായത്. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ നാല് തവണയായി സഭ നിര്‍ത്തി വച്ചിരുന്നു. ഒടുവില്‍ രാത്രി പത്തരയ്ക്ക് വീണ്ടും അസംബ്ലി ചേരുകയായിരുന്നു. രാജ്യാന്തര ഗൂഢാലോചന ആരോപിച്ച് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു.

വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിന് കോടതി തുറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സൈന്യത്തിൻറെയും സുപ്രിംകോടതിയുടെയും ഇടപെടല്‍ ഉണ്ടായതോടെയാണ് വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇമ്രാന്‍ ഖാൻറെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം മാത്രമാണ് വോട്ട് ചെയ്തത്. സ്പീക്കര്‍ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് രാജിവെച്ചിരുന്നു. അവിശ്വാസത്തില്‍ പുറത്താകുന്നതിന് തൊട്ടുമുമ്പ് ഇമ്രാന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു.

നാളെ ഉച്ചയ്ക്ക് ചേരുന്ന ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. 2023 ല്‍ പുതിയ രാജ്യത്ത് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതിയതായി നിയമിക്കപ്പെടുന്ന പ്രധാനമന്ത്രി തുടരും.