പി സി ജോര്‍ജിൻറെ അറസ്റ്റ് രേഖപ്പെടുത്തി

Breaking News Kerala Politics

തിരുവനന്തപുരം : വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലെത്തിയ പോലീസ് വാറന്റില്ലാതെയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.

പത്തുമണിയോടെ പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പില്‍ എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.

പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിൻറെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോര്‍ട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. സ്വന്തം വാഹനത്തിലാണ് പി സി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മകന്‍ ഷോണ്‍ ജോര്‍ജ്ജും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നു.

ഹിന്ദു മഹാസമ്മേളത്തിൻറെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജിൻറെ വിവാദ പരാമര്‍ശം. സംഭവത്തില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നുള്ള പി സി ജോര്‍ജിൻറെ വെളിപ്പെടുത്തലാണ് പ്രശനങ്ങളിലേയ്ക്ക് നയിച്ചത്.