റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് കീവിൻറെ വെളിപ്പെടുത്തല്‍

Headlines Russia Ukraine

കീവ് : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ രണ്ടു മാസം മുമ്പ് ശ്രമമുണ്ടായതായി കീവിൻറെ മിലിറ്ററി ഇന്റലിജന്‍സ് സര്‍വ്വീസ് മേധാവിയുടെ വെളിപ്പെടുത്തല്‍. ഉക്രൈയ്ന്‍ ആക്രമണത്തിൻറെ തുടക്കത്തിലായിരുന്നു കൊലപാതക ശ്രമമുണ്ടായത്. എന്നാല്‍ പുടിന്‍ അതില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് ഉക്രെയ്ന്‍സ്‌ക പ്രവ്ദയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൈറിലോ ബുഡനോവ് അവകാശപ്പെട്ടു.

അതിനിടെ പുടിൻറെ യുദ്ധവെറിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ഉന്നത റഷ്യന്‍ നയതന്ത്രജ്ഞന്‍ ബോറിസ് ബോണ്ടാരെവ് തല്‍സ്ഥാനം രാജിവെച്ചു. ജനീവയിലെ യുഎന്‍ ഓഫീസിലെ മുതിര്‍ന്ന നയതന്ത്രജ്ഞനാണ് ബോണ്ടാരെവ്. ഡോണ്‍ബാസ് മേഖലയില്‍ സൈന്യം കനത്ത ബോംബാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇദ്ദേഹത്തിൻറെ രാജി. ഇക്കാര്യം വിശദമാക്കി ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരി 24ന് മുമ്പ് വരെ തൻറെ രാജ്യത്തെക്കുറിച്ച് അഭിമാനിച്ചിരുന്നുവെന്ന് ഇദ്ദേഹം കത്തില്‍ പറയുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടികള്‍ സഹിക്കാവുന്നതിനും അപ്പുറമാണ്. റഷ്യയുടെ വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്നത് യുദ്ധനുണകളും വെറുപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കല്‍ക്കരി ഖനികളും ഫാക്ടറികളും കീഴടക്കുന്നത് ലക്ഷ്യമിട്ട് ഡോണ്‍ബാസില്‍ ബോംബാക്രമണം റഷ്യ ശക്തമാക്കി. സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് കീവ് ആരോപിച്ചു.

ക്രൂരത ലോകത്തെ നയിക്കുമോയെന്നാണ് റഷ്യന്‍ ആക്രമണം തെളിയിക്കുകയെന്ന് ഉക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ഡാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റഷ്യന്‍ ഓയിലിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് പുറമേ ആഗോള സംവിധാനങ്ങളില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ നീക്കുന്നതുമടക്കം എല്ലാ മേഖലയിലും ഉപരോധം കര്‍ക്കശമാക്കണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളു. മറ്റുള്ളവരുമായി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല. റഷ്യന്‍ ഫെഡറേഷൻറെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നതെന്ന് സെലെന്‍സ്‌കി പറഞ്ഞു. അതിനാല്‍ പുടിനുമായി മാത്രമേ ചര്‍ച്ചയുള്ളുവെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യന്‍ ഓയില്‍ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജര്‍മ്മന്‍ ധനകാര്യ മന്ത്രി റോബര്‍ട്ട് ഹാബെക്ക് അറിയിച്ചു. എന്നാല്‍ ഓയില്‍ വില വര്‍ധിക്കുന്നതിനാല്‍ ഇതുകൊണ്ടൊന്നും ക്രെംലിനിനെ ദുര്‍ബലപ്പെടുത്താനാവില്ലെന്നും ഹബെക്ക് പറഞ്ഞു.