പത്മശ്രീ നേടി ഓറഞ്ച് വില്‍പ്പനക്കാരന്‍

India

ന്യൂഡല്‍ഹി: സ്‌കൂള്‍ പടി ചവിട്ടാന്‍ ഭാഗ്യമുണ്ടായിട്ടില്ല, ഓറഞ്ച് വിറ്റ് ഉപജീവനം കഴിക്കുന്നു, കൂടെ സ്വന്തം ഗ്രാമത്തിനായി ഒരു സ്‌കൂള്‍ നിര്‍മ്മിച്ചു; ഒടുവില്‍ അദ്ദേഹത്തിൻറെ മഹത്തായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു.

തനിക്ക് ലഭിക്കാതെപോയ വിദ്യാഭ്യാസം തൻറെ നാട്ടിലെ കുഞ്ഞുമക്കള്‍ക്ക് ലഭിക്കണമെന്ന ഹജ്ജബ്ബയുടെ ആഗ്രഹം മംഗലാപുരത്തെ ഉള്‍ഗ്രാമമായ ഹരേകാല ന്യൂപഡ്പുവില്‍ ഒരു സ്‌കൂള്‍ കെട്ടിപ്പടുക്കുവാന്‍ അയാളെ നിര്‍ബന്ധിതനാക്കി. സാധരണക്കാരില്‍ സാധാരണക്കാരനായ ഒരാളുടെ ഉയര്‍ന്ന സാമൂഹിക ബോധം ലോകത്തെ അറിയിച്ചതിനുള്ള പ്രതിഫലമായി ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ നല്‍കി ആദരിച്ചു.

1977 മുതല്‍ മംഗലാപുരം ബസ് സ്റ്റാന്റില്‍ ഓറഞ്ച് വില്‍പ്പന നടത്തുന്നയാളാണ് ഹജ്ജബ്ബ. ഇതുവരെ അദ്ദേഹം സ്‌കൂളില്‍ പോയിട്ടില്ല, വായിക്കാനോ എഴുതാനോ അറിയില്ല. 1978ല്‍ ഒരു വിദേശി ഓറഞ്ചിൻറെ വില ചോദിച്ചപ്പോള്‍ ഭാഷ അറിയാത്തതിനാല്‍ മറുപടി നല്‍കാന്‍ അറിയാതെ വിഷമിച്ചപ്പോഴാണ് വിദ്യാഭ്യാസമുള്ള തലമുറവേണമെന്ന ആഗ്രഹം ഹജ്ജബ്ബയ്ക്കുണ്ടായത്. ഈ ആഗ്രഹമാണ് ഓറഞ്ച് വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നും തൻറെ ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പിന്നീട് രണ്ടു പതിറ്റാണ്ടിന് ശേഷം സ്‌കൂളെന്ന ഹജ്ജബ്ബയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. 2000 -ലാണ് സ്‌കൂളിന് അനുമതി ലഭിക്കുന്നത്. 28 കുട്ടികളുമായിട്ടാണ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്, ഇന്ന് 10ാം ക്ലാസ് വരെ ഉള്ള ഈ സ്‌കൂളില്‍ 175 കുട്ടികള്‍ പഠിക്കുന്നുണ്ട്. പുരസ്‌കാരങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് തൻറെ ഗ്രാമത്തില്‍ കൂടുതള്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കണമെന്നാണ് ഹജ്ജബ്ബയുടെ ആഗ്രഹം. പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ ഉള്ള ഒരു പ്രീ യൂണിവേഴ്‌സിറ്റി തുടങ്ങണമെന്ന് താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.