ഇന്ത്യക്കാര്‍ക്ക് 2026 മുതല്‍ ഓണ്‍ലൈനായി ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കാം

Business Europe Tourism

ബ്രസ്സല്‍സ്: ഷെങ്കന്‍ വിസയിലൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. 2026 മുതല്‍ ഇന്ത്യക്കാര്‍ക്കും ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളള്ളവര്‍ക്ക് വിസ ഫീസ് ഓണ്‍ലൈനായി അടക്കാനും, രേഖകള്‍ സമര്‍പ്പിക്കാനുമായി പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു.

യൂറോപ്പില്‍ ഷെങ്കന്‍ വിസയിലൂടെ എത്തുന്ന പകുതിയോളം പേരും വിസ അപേക്ഷ ന‌ടപടികള്‍ കഠിനമാണെന്ന അഭിപ്രായമുള്ളവരാണ്, മാത്രമല്ല ഇവരില്‍ 30 ശതമാനം പേരും അപേക്ഷ നല്‍കാനായി ദീര്‍ഘദുരം യാത്ര ചെയ്യേണ്ടതായും വരുന്നു, അതിനാലാണ് വളരെ വേഗത്തിലും സുരക്ഷിതവുമായ മാര്‍ഗ്ഗത്തിലൂടെ ഓണ്‍ലൈനായി വിസ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ യൽവാ ജോഹാൻസൺ പറഞ്ഞു.

ഷെങ്കന്‍ വിസാ അപേക്ഷകളുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. schengenvisainfo.com പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 ല്‍ മാത്രം 1,141,705 ഷെങ്കന്‍ വിസാ അപേക്ഷകളാണ് ഇന്ത്യയില്‍ നിന്നും നല്‍കിയത്. ആ വര്‍ഷം ആകെ ലഭ്യമായ അപേക്ഷകളുടെ 6.7 ശതമാനത്തോളവും ഇന്ത്യയില്‍ നിന്നായിരുന്നു. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ ഷെങ്കന്‍ വിസാ പ്ലാറ്റ്ഫോം ആരംഭിച്ചാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ.

ഈ സംവിധാനം ആരംഭിച്ചാല്‍ പാസ്പോര്‍ട്ട്, അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ കോപ്പി സ്കാന്‍ ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. ഇതിന് ശേഷം ഫിങ്കര്‍പ്രിന്റ്, ഫോട്ടോ, ബയോമെട്രിക് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രം എംബസി സന്ദര്‍ശിച്ചാല്‍ മതിയാവും. 59 മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇതിനായി എംബസി സന്ദര്‍ശിക്കേണ്ടത്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഇപ്പോള്‍ നിലവിലുള്ള വിസ സ്റ്റിക്കര്‍ സംവിധാനത്തിന് പകരം 2-ഡി ബാര്‍കോഡുകളാവും ഉണ്ടാവുക എന്ന സൂചനയും ലഭിക്കുന്നുണ്ട്.