ബ്രസല്‍സ് : അയര്‍ലണ്ട് തീരത്തെ മിസൈല്‍ പരീക്ഷണത്തിൻറെ യും ഉക്രെയ്നിനെതിരായ സൈനിക നീക്കവും ഈ മേഖലയെയാകെ സംഘര്‍ഷഭരിതമാക്കുന്നു. അതേസമയം, ഈ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും നീക്കം തുടങ്ങി.
ബ്രസല്‍സില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഉക്രെയ്നിന് 1.2 ബില്യണ്‍ യൂറോയുടെ സഹായ പാക്കേജും പ്രഖ്യാപിച്ചു. സഹായത്തെ സ്വാഗതം ചെയ്ത ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനോട് നന്ദിയും അറിയിച്ചു. ശക്തമായ ഉക്രെയ്ന്‍ യൂറോപ്യന്‍ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്നും സെലെന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.
ഈ മേഖലയില്‍ പിരിമുറുക്കത്തിന് ആക്കം കൂട്ടിക്കൊണ്ട് നാറ്റോയും സൈനിക നീക്കം നടത്തി. കിഴക്കന്‍ യൂറോപ്പിലേക്ക് സൈനിക വിമാനങ്ങളും കപ്പലുകളും അയച്ചിരിക്കുകയാണ് നാറ്റോ. ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിനെ സംരക്ഷിക്കുന്നതിനാണ് സേനയെ വിന്യസിക്കുന്നതെന്ന് നാറ്റോ വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്പിലെ സഖ്യകക്ഷികളെ പ്രതിരോധിക്കാന്‍ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് നാറ്റോ അറിയിച്ചു. അതിനിടെ ഈ മേഖലയില്‍ പിരിമുറുക്കം വര്‍ധിപ്പിക്കുന്നതിൻറെ പേരില്‍ റഷ്യ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രംഗത്തുവന്നു.