കടലില്‍ കുടുങ്ങിയ ഏഴ് ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ കൊടും തണുപ്പില്‍ പെട്ട് മരിച്ചു

Breaking News Italy

റോം: ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുമായെത്തിയ ബോട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ലിബിയയില്‍ നിന്നും തിരിച്ച ബോട്ടിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. മരിച്ച ഏഴുപേരും ബംഗ്ലാദേശ് സ്വദേശികളാണ്. ശക്തമായ തണുപ്പിനെത്തുടര്‍ന്നുണ്ടായ ഹൈപ്പോതെര്‍മിയ മൂലമാണ് ഇവര്‍ മരണപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 280 പേരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇറ്റലിയിലെ ലംപേഡുസ തീരത്താണ് കുടിയേറ്റക്കാരുമായുള്ള ബോട്ട് എത്തിയത്.

ലിബിയയില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് അനധികൃത കുടിയേറ്റക്കാരുമായി തിരിച്ച ബോട്ടായിരുന്നു ഇത്. ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

ഈ ദാരുണ സംഭവത്തില്‍ ലംപേഡുസ മേയര്‍ ലിനോസ ടോട്ടോ മാർട്ടല്ലോ ദുഖം രേഖപ്പെടുത്തി. ഏറെ ബുദ്ധിമുട്ടുകള്‍ക്കിടയിലും, തങ്ങളാല്‍ കഴിയുന്നത് ഇവര്‍ക്ക് വേണ്ടി ചെയ്യുമെന്നും മേയര്‍ പറഞ്ഞു.