തിരുവനന്തപുരം: കേരളത്തില്‍ കോവിഡിൻറെ മൂന്നാം തരംഗം ഒമിക്രോണ്‍ വേരിയന്റ് മൂലമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന 94 ശതമാനം കേസുകളും ഒമിക്രോണ്‍ വേരിയന്റ് ആണെന്നും 6 ശതമാനം മാത്രമാണ് ഡെല്‍റ്റ വേരിയന്റെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്ര ചെയ്ത് വരുന്നവരില്‍ 80% പേര്‍ക്കും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.
കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യതയെന്നും അടുത്ത മൂന്നാഴ്ച്ച നിര്‍ണ്ണായകമാണെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വെന്റിലേറ്ററിലും ഐസിയു ഉപയോഗത്തിലും കുറവുണ്ടായി. കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തനമാരംഭിച്ചു.
ഒമിക്രോണിൻറെ തീവ്രത ഡെല്‍റ്റേയാക്കാള്‍ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നില്‍ക്കുന്നെങ്കില്‍ ഗൗരവമാണ്, ഡോക്ടറെ സമീപിക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. കൊവിഡ് രോഗികളില്‍ 96.4% വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ രൂപീകരിക്കും. 50% കിടക്കള്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ ഇന്ന് 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍; 9708. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്.