ലണ്ടന്‍ : ഒമിക്രോണ്‍ വാരിയൻറ് ഉയര്‍ത്തുന്ന ആഗോള ഭീഷണിയ്ക്കെതിരെ ഒത്തു ചേര്‍ന്ന് ജി 7 രാജ്യങ്ങള്‍. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് ജി7 ആരോഗ്യ മന്ത്രിമാരുടെ അടിയന്തര യോഗം വിലയിരുത്തി. അതിനിടെ, ആഗോളമായി പുതിയ വാരിയൻറ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുപോവുകയാണ്.
കോവിഡെത്തി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷവും അതുയര്‍ത്തുന്ന ഭീഷണിയ്ക്ക് യാതോരു കുറവുമില്ലെന്നാണ് ഒമിക്രോണ്‍ അടിവരയിടുന്നത്. കോവിഡിൻറെ അടുത്ത കുതിച്ചുചാട്ടം ഒമിക്രോണ്‍ മുഖേനയാണ് സംഭവിക്കുന്നതെങ്കില്‍, അനന്തരഫലങ്ങള്‍ ഗുരുതരമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ബീറ്റ, ഡെല്‍റ്റ പോലുള്ള മുന്‍കാല സ്‌ട്രെയിനുകളേക്കാള്‍ വളരെയധികം മ്യൂട്ടേഷനുകളുള്ള പുതിയ വാരിയൻറ് ആഗോള തലത്തില്‍ വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുമെന്നാണ് കരുതുന്നത്. ലോകത്തെ വീണ്ടും ലോക്ക്ഡൗണിലേക്ക് മടക്കി വിടുമോയെന്ന ഭീതിയും ഉയരുന്നു.
ഒമിക്രോണില്‍ നിന്ന് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസമാണെങ്കിലും വാക്സിനുകള്‍ക്ക് എത്രത്തോളം പ്രതിരോധിക്കാനാകുമെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. അതിനിടെ റോമിലെ പ്രശസ്തമായ ബാംബിനോ ഗെസു ഹോസ്പിറ്റല്‍ പുതിയ സ്‌ട്രെയിനിൻറെ ആദ്യ ഇലസ്ട്രേഷന്‍ നടത്തി. ഈ വേരിയന്റില്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടെന്നും സ്ഥിരീകരിച്ചു. എന്നാല്‍ ഡെല്‍റ്റ വേരിയന്റിനേക്കാള്‍. കൂടുതല്‍ അപകടകാരിയണെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലെന്ന് ഗവേഷകര്‍ പറഞ്ഞു.