ഡബ്ലിന്‍ : കോവിഡ് ഇപ്പോഴും ഭീഷണിയായി തുടരുന്ന ഈ സാഹചര്യത്തില്‍ അടുത്തതായി എന്താണ് സംഭവിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ലോകം. കോവിഡ് അവസാനിച്ചെന്ന് ആരും കരുതുന്നില്ല. അതു കൊണ്ടു തന്നെ എല്ലാവരുടെയും മുന്നില്‍ അനിശ്ചിതത്വവും ആശങ്കയുമുണ്ട്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വിശകലനം ചെയ്തു വരികയാണ്. കോവിഡ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ സാധ്യതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.
മൂന്ന് സാഹചര്യങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നില്‍ക്കാണുന്നത്. ഏറ്റവും മോശമായി ബാധിക്കുന്ന അപ്രതീക്ഷിത വേരിയന്റിൻറെ വരവാണ് അതില്‍ ഏറ്റവും പ്രധാനമായത്. ഒമിക്രോണിനേക്കാള്‍ അപകടകാരികളായ അവതാരങ്ങള്‍ പതിയിരിക്കുന്നതായി യുഎന്‍ ആരോഗ്യ ഏജന്‍സി സംശയിക്കുന്നു.
വാക്സിനേഷന്‍ കാരണം പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നതിനാല്‍ രോഗത്തിൻറെ തീവ്രത കാലക്രമേണ കുറയും. പൊതുജനങ്ങളുടെ പ്രതിരോധശേഷി കൂടിയതിനാല്‍ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിൻറെ തീവ്രത കാലക്രമേണ കുറയുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിന് ഏറെ സാധ്യതയുണ്ട്.
പ്രതിരോധശേഷി കുറയുന്നതിനനുസരിച്ച് കേസുകളും മരണ നിരക്കിലും കാലാനുസൃതമായ വര്‍ദ്ധനവുണ്ടാകും. അതിനാല്‍ ദുര്‍ബലരായ ആളുകള്‍ക്ക് ഇടയ്ക്കിടെ ബൂസ്റ്റര്‍ വാക്സിനേഷന്‍ നല്‍കേണ്ടതായി വരും. നിലവില്‍ ലഭ്യമായ വാക്‌സിനുകളില്‍ കാര്യമായ മാറ്റം വരുത്തേണ്ടതായും വരും.
പാന്‍ഡെമിക്കിൻറെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന വൈറസിന് ഇപ്പോഴും വളരെയധികം ഊര്‍ജ്ജമുണ്ടെന്ന് സംഘടനയുടെ സാങ്കേതിക ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. 10 മില്യണിലധികം പുതിയ കേസുകളും 45,000 മരണങ്ങളുമാണ് കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്. പരിശോധനാ നിരക്ക് കുറഞ്ഞതിനാല്‍ യഥാര്‍ഥ അണുബാധകളുടെ എണ്ണം ഇതിനേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്ന് ഇവര്‍ പറഞ്ഞു.