ലണ്ടന്‍: കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനാണ് ഒമിക്രോണില്‍ നിന്നുള്ള മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് മരണവിവരം അറിയിച്ചത്. ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത് നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നവംബര്‍ 27ന് രാജ്യത്ത് ആദ്യത്തെ ഒമിക്റോണ്‍ കേസുകള്‍ കണ്ടെത്തിയതു മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവരും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഒമിക്രോണ്‍ കോവിഡ് ബാധ സ്ഥിരീകരിച്ചുള്ള ആദ്യ മരണമാണിതെന്നും ബ്രിട്ടീഷ് തലസ്ഥാനത്തെ അണുബാധകളില്‍ 40 ശതമാനവും ഈ വകഭേദമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ ഒമിക്രോണ്‍ വ്യാപനം വളരെ കൂടുതലാണ്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എല്ലാ മുതിര്‍ന്ന പൗരൻമാർക്കും ഡിസംബര്‍ മാസം അവസാനത്തോടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ഒരു വാക്സിനേഷന്‍ സെന്റര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ബോറിസ് ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.