ഡെല്‍റ്റയുടെ അത്ര അപകടകാരിയല്ല ഒമൈക്രോൺന്ന് യുഎസ് വിദഗ്ധര്‍

Covid Headlines USA

വാഷിംഗ്ടണ്‍ : ഡെല്‍റ്റയുടെ അത്ര അപകടകാരിയല്ല ഒമിക്രോണെന്ന് യുഎസ് വിദഗ്ധര്‍. അതിനാല്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പരിഗണിക്കുകയാണെന്നും സര്‍ക്കാര്‍ സൂചന നല്‍കി.

കൊറോണ വൈറസിൻറെ ഒമിക്രോണ്‍ വേരിയന്റ് രാജ്യത്തുടനീളം അതിവേഗം പടരുകയാണെങ്കിലും ഡെല്‍റ്റയേക്കാള്‍ മാരകമല്ല ഇതെന്നാണ് പ്രാഥമിക ഗവേഷണം നല്‍കുന്ന സൂചനകളെന്ന് പ്രസിഡന്റ് ജോ ബൈഡൻറെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആൻ്റണി ഫൗസി പറഞ്ഞു.

ഒമിക്രോണ്‍ മൂലമുള്ള ആശുപത്രി പ്രവേശന നിരക്ക് ഭയാനകമാംവിധം ഉയര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് കണക്കിലെടുത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് പ്രവേശിക്കുന്ന പൗരന്മാരല്ലാത്തവര്‍ക്കെതിരായ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ഫൗസി പറഞ്ഞു.

ഒമിക്രോണിനെ മുന്‍നിര്‍ത്തി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ട്രാവല്‍ വര്‍ണ്ണവിവേചനമാണിതെന്നാണ് ഇദ്ദേഹം അക്ഷേപിച്ചത്.

വടക്കുകിഴക്ക്, തെക്ക്, ഗ്രേറ്റ് പ്ലെയിന്‍സ്, വെസ്റ്റ് കോസ്റ്റ് എന്നിവയുള്‍പ്പെടെ യുഎസിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും വിസ്‌കോണ്‍സിനും മിസോറിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ് മഹാമാരി 7,80,000 -ത്തിലധികം അമേരിക്കക്കാരെയാണ് കൊന്നൊടുക്കിയത്. നിലവില്‍ പ്രതിദിനം 860 പേരാണ് കോവിഡ് മൂലം മരിക്കുന്നത്. 6,600 -ലധികം പേരാണ് ദിവസവും ആശുപത്രിയിലെത്തുന്നതെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു.