ബിഎ 2 ലോകത്തെ വിറപ്പിക്കാന്‍ ഒമിക്രോണിൻറെ മറ്റൊരു അവതാരം കൂടി

Breaking News Covid Health UK

കോപ്പന്‍ ഹേഗന്‍: ലോകത്തെ വിറപ്പിക്കാന്‍ ഒമിക്രോണ്‍ വേരിയന്റിൻറെ മറ്റൊരു അവതാരം കൂടി പിറവിയെടുത്തു. ഈ ഉപ താരം ഒറിജിനലിനേക്കാള്‍ വേഗത്തില്‍ പടരാന്‍ കഴിയുന്ന മാരകനാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) കണ്ടെത്തി. ലോകാരോഗ്യ സംഘടനയും ബിഎ2 എന്ന പുതിയ നായകനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിഎ2 എവിടെയാണ് ഉണ്ടായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, ഫിലിപ്പൈന്‍സിലാണ് ആദ്യ കേസുകള്‍ രേഖപ്പെടുത്തിയത്.

യുകെ, ഡെന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ഇന്ത്യ, സ്വീഡന്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 40 രാജ്യങ്ങളില്‍ വേരിയന്റ് പടര്‍ന്നുകഴിഞ്ഞു. ഡെന്‍മാര്‍ക്കില്‍ കേസുകള്‍ അതിവേഗം വ്യാപിക്കുകയാണ്. ഇവിടെ പുതിയ കേസുകളില്‍ 45 ശതമാനത്തിലധികവും ബിഎ2 മായി ബന്ധപ്പെട്ടതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ബിഎ2 ലോകമെമ്പാടും വ്യാപിക്കുന്നതിനാല്‍ അതിൻറെ ട്രാക്ക് സൂക്ഷിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ഡിസംബറിലാണ് അതിമാരക വ്യാപനശേഷിയുള്ള ഒമിക്രോണ്‍ ബിഎ-2നെ ഇംഗ്ലണ്ടില്‍ സ്ഥിരികരിച്ചതെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. വ്യാപനം വര്‍ധിച്ചതിന് തെളിവുകള്‍ ലഭിച്ചെങ്കിലും പുതിയ വകഭേദം യുകെയില്‍ കാര്യമായി ആധിപത്യം സ്ഥാപിച്ചിട്ടില്ല. ഒമിക്രോണും ഡെല്‍റ്റയും പോലെ ഇതിനെ ആശങ്കയുടെ വകഭേദമായി തരംതിരിച്ചിട്ടില്ല. എന്നിരുന്നാലും ഈ വൈറസ് സൂക്ഷ്മമായ നിരീക്ഷണത്തിലായിരുന്നു.

ആഴ്ചയില്‍ 2,31,025 കേസുകളുമായി ഒമിക്രോണ്‍ ആണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പുതിയ കേസുകളുള്ളത്. ഇതേ കാലയളവില്‍ ബിഎ.2വിൻറെ 1,993 കേസുകളാണ് കണ്ടെത്തി നിരീക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ 426 കേസുകള്‍ കൂടി കണ്ടെത്തി. ബിഎ.2 ഇംഗ്ലണ്ടിലെ എല്ലാ പ്രദേശത്തും വ്യാപകമായിട്ടുണ്ടെന്ന് യുകെഎച്ച്എസ്എയുടെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു. ബിഎ.1 നേക്കാള്‍ ഉയര്‍ന്ന സെക്കണ്ടറി വ്യാപന നിരക്കാണ് ബിഎ.2 ന് ഉള്ളതെന്നും തെളിഞ്ഞിട്ടുണ്ട്.

ആശുപത്രിവാസവും മരണവും കുറവാണെങ്കിലും, ചില പ്രദേശങ്ങളിലും ചില പ്രായക്കാരിലും കേസുകള്‍ ഇപ്പോഴും വളരെ കൂടുതലാണ്. നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു.

ബിഎ2 മൂലമുണ്ടാകുന്ന അസുഖത്തിൻറെ തീവ്രതയെക്കുറിച്ച് ഇതുവരെ ഡാറ്റകളൊന്നും ലഭ്യമല്ലെങ്കിലും പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. ബിഎ2, ഒമിക്രോണ്‍ എന്നിവയ്‌ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഏജന്‍സി വെളിപ്പെടുത്തി.