മസ്‌കറ്റ് : ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടിക്കറ്റുറപ്പിച്ച് അയര്‍ലണ്ട്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ആതിഥേയരായ ഒമാനെതിരെ 56 റണ്‍സിൻറെ അനായാസ ജയം നേടിയാണ് അയര്‍ലണ്ട് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സ്ഥാനം നേടിയത്. യുഎഇയും ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന പ്രധാന ടൂര്‍ണമെന്റായ ഡൗണ്‍ അണ്ടറില്‍ 2021 ടി20 ലോകകപ്പ് ‘സൂപ്പര്‍ 12’ ഘട്ടത്തിലെത്തിയ 12 ടീമുകള്‍ക്കൊപ്പം അയര്‍ലണ്ടും യുഎഇയും ഉണ്ടാകും. ജൂലൈയില്‍ സിംബാബ്വെയില്‍ നടക്കുന്ന ഗ്ലോബല്‍ ക്വാളിഫയര്‍ ബി ഇവന്റിലാണ് അവസാന രണ്ട് സ്ഥാനങ്ങള്‍ തീരുമാനിക്കുക.
തുടര്‍ച്ചയായ ഏഴാം തവണയാണ് അയര്‍ലണ്ട് ഐറിഷ് ഷോപീസില്‍ പ്രത്യക്ഷപ്പെടുന്നത്. ആന്‍ഡി ബല്‍ബിര്‍ണിയുടെ ടീം ലോക യോഗ്യതാ റൗണ്ടിൻറെ എ ഈവന്റില്‍ തകര്‍ച്ചയോടെയായിരുന്നു തുടക്കം കുറിച്ചത്. കഴിഞ്ഞ ആഴ്ച യു.എ.ഇയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും തുടര്‍ച്ചയായ വിജയങ്ങള്‍ നേടി സെമി ഫൈനലിലെത്തുകയായിരുന്നു അയര്‍ലണ്ട്.
മല്‍സരത്തില്‍ ടോസ് നേടി ഒമാന്‍ ആദ്യം ഫീല്‍ഡ് തിരഞ്ഞെടുത്തു. നേരത്തെ തുടര്‍ച്ചയായി മൂന്ന് ഫിഫ്റ്റി കൂട്ടുകെട്ടുണ്ടാക്കിയ ഓപ്പണര്‍മാരായ ബാല്‍ബിര്‍ണിയും പോള്‍ സ്റ്റിര്‍ലിംഗും 19-2ന് കളം വിട്ടു. എന്നാല്‍ 32 പന്തില്‍ 47 റണ്‍സെടുത്ത ഗാരെത് ഡെലാനിയുടെയും, 21 പന്തില്‍ 36 റണ്‍സ് നേടിയ ആന്‍ഡി മക്ബ്രൈൻറെയും മികവില്‍ 165-7 എന്ന മോശമല്ലാത്ത സ്‌കോര്‍ അയര്‍ലന്‍ഡ് നേടുകയുണ്ടായി.
കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകള്‍ക്കും യോഗ്യത നേടിയ ഒമാന്‍, ബാറ്റിംഗുമായി മുന്നോട്ട് പോകാനാവാതെ 109 റണ്‍സിന് പുറത്താവുകയായിരുന്നു. തോല്‍വി അറിയാത്ത നേപ്പാളിനെ 68 റണ്‍സിന് തോല്‍പ്പിച്ചാണ് യു.എ.ഇ രണ്ടാം തവണയും ടൂര്‍ണമെന്റിന് യോഗ്യത നേടിയത്.