ഡോ. കെ ടി ചന്ദ്രമോഹനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ മരവിപ്പിച്ച നിലയില്‍

Kerala

കണ്ണൂര്‍  : കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ ടി ചന്ദ്രമോഹനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ മരവിപ്പിച്ച നിലയില്‍. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലെ പങ്കാളിത്തത്തിന്‍റെ പേരിലാണ് പരീക്ഷ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ഡോ. കെ.ടി.ചന്ദ്രമോഹനെതിരെ നടപടി എടുത്തിരുന്നത്. അതേസമയം അച്ചടക്ക നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി രംഗത്തെത്തി.

സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചന്ദ്രമോഹനെ ജോലിചെയ്യുന്ന ജില്ലയില്‍ നിന്നും സ്ഥലം മാറ്റാന്‍ ഉത്തരവായത്. സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിലെ പങ്കാളിത്തതിന്‍റെ പേരില്‍ ആയിരിന്നു അച്ചടക്ക നടപടി. ഇതിന്‍റെ ഭാഗമായി രണ്ട് അധ്യാപകരെ കൂടി കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ ഇടതുപക്ഷ അധ്യാപക സംഘടന നേതാവ് കൂടിയായ ചന്ദ്രമോഹനനെതിരെയുള്ള നടപടി മരവിപ്പിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയുടെ ആരോപണം.