ലോകകപ്പ് ക്രിക്കറ്റില്‍ ജയവുമായി ഇന്ത്യന്‍ തുടക്കം

Entertainment Headlines Sports

പ്രൊവിഡന്‍സ്: അണ്ടര്‍-19 ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. 45 റണ്ണിന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി. ഇടംകൈയ്യന്‍ സ്പിന്നര്‍ വിക്കി ഒസ്ത്വാളാണ് ജയമൊരുക്കിയത്. ഈ പൂനെക്കാരന്‍ അഞ്ച് വിക്കറ്റ് നേടി. 10 ഓവറില്‍ വിട്ടുനല്‍കിയത് 28 റണ്‍സ് മാത്രം. രാജ് ബാവ നാല് വിക്കറ്റും നേടി. സ്‌കോര്‍: ഇന്ത്യ 232 (46.5) ദക്ഷിണാഫ്രിക്ക 187 (45.4).

അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ ഏതന്‍ ജോണ്‍ കണ്ണിങ്ഹാമിനെ ആദ്യ ഓവറില്‍ നഷ്ടമായെങ്കിലും പതറാതെയായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റ് വീശിയത്. ഡെവാള്‍ഡ് ബ്രവിസായിരുന്നു (99 പന്തില്‍ 65) അവരെ നയിച്ചത്. അവസാന 15 ഓവറില്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കേ 100 റണ്‍സ് മതിയായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ഒസ്ത്വാളും ബാവയും ചേര്‍ന്ന് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. നേരത്തേ ക്യാപ്റ്റന്‍ യാഷ് ദൂലാണ് (100 പന്തില്‍ 82) ഇന്ത്യയെ 200 കടത്തിയത്.