കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

Kerala

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമന്‍സ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ പത്താം പ്രതി ആയിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് ജയിലില്‍ വച്ച്‌ കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ വിഷ്ണു കത്തിന്‍്റെ പകര്‍പ്പ് ദിലീപിന്‍്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്സപ്പ് വഴി അയച്ചുനല്‍കി പണം ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ തനിക്കറിയാവുന്ന വിവരങ്ങള്‍ കൈമാറാമെന്ന് പറഞ്ഞാണ് ഇയാള്‍ പിന്നീട് മാപ്പുസാക്ഷി ആയത്. കേസില്‍ വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയിരുന്നു. കേസ് പരിഗണിക്കുന്ന സ്‌പെഷല്‍ ജഡ്ജ് ഹണി എം വര്‍ഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്.

നിലവിലെ ലോക്ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങള്‍ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷല്‍ ജഡ്ജ് കത്തയച്ചിരിക്കുന്നത്.

ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാന്‍ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 15 ന് മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 11 പ്രതികളുള്ള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.