പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ആദ്യ ദിവസം തന്നെ പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരും. മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും എന്‍സിപിയും തളളിയ സാഹചര്യത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവന്ന് പ്രശ്‌നം സഭയില്‍ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന മറുപടി നല്‍കി പ്രതിരോധിക്കാനാകും മന്ത്രി ശശീന്ദ്രന്റെ ശ്രമം. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്കു മുന്നില്‍ വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരവും ഇന്നുണ്ടാകും. ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ് തിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കാനാണ് നിയമസഭ സമ്മേളനം ചേരുന്നത്.
സഭ സമ്മേളനം ആഗസ്റ്റ് 18 വരെ നീളും. 2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മപരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ഇതില്‍ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. അന്നു സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.