തിരുവനന്തപുരം : സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ പ്രമേയം അവതരണത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്റെ ആരംഭ ദിവസം തന്നെ ശശീന്ദ്രന് വിഷയം ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സഭ ഇന്ന് തുടങ്ങിയതിനു പിന്നാലെ ചോദ്യോത്തര വേളയില്‍ ശാന്തരായി പങ്കെടുത്ത പ്രതിപക്ഷം, അതു കഴിഞ്ഞതിനു പിന്നാലെ വിഷയം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു. ശശീന്ദ്രന് രാജിവെച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.
എന്നാല്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്ന് അടിയന്തര പ്രമേയത്തെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാര്ട്ടിക്കാര് തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടത്. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയോ എന്ന് അന്വേഷിക്കും. ഡിജിപി ഇക്കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിച്ചില്ല. മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, മന്ത്രിയുടെ തെറ്റിനെ ന്യായീകരിക്കുകയാണെന്നു കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ജാള്യത മറയ്ക്കാന്‍ മുഖ്യമന്ത്രി തലകുനിച്ചാണ് ഇരിക്കുന്നത്. സ്ത്രീപക്ഷ വാദം ഉയര്‍ത്തുന്നവര്‍ സ്തീപീഡനം സംബന്ധിച്ച പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെടുകയാണ്. ഇതാണോ സര്‍ക്കാരിന്റെ സ്ത്രീപക്ഷ വാദമെന്നും സതീശന് പരിഹസിച്ചു.
മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. നിയമ നടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിയെ സംരക്ഷിക്കുന്ന രീതിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.