നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണം ; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കൊച്ചി : ഐഎസില്‍ ചേരാന്‍ ഇന്ത്യ വിട്ടുപോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. അതിനാല്‍ സര്‍ക്കാര്‍ നിലപാട് കോടതിയില്‍ ഇന്ന് വ്യക്തമാക്കുമെന്നാണ് വിവരം.

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അമ്മ ബിന്ദു നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

നിമിഷയെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് നേരത്തേയും ബിന്ദു കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നുമായിരുന്നു ബിന്ദു പറഞ്ഞത്. 2016ലായിരുന്നു ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേരാന്‍ നിമിഷ ഫാത്തിമ ഇന്ത്യ വിട്ടത്.