അഭയാർത്ഥി പ്രവാഹത്തെ മിതപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു

Europe Headlines International

ബ്രസല്‍സ് : അഭയാര്‍ത്ഥി പ്രവാഹത്തിൻറെ ഭീഷണിയില്‍ അസ്തിത്വം പോലും നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തെ പരിമിതപ്പെടുത്താനും,നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ ഒന്നിക്കുന്നു.

യൂറോപ്പിൻറെ ബാഹ്യ അതിര്‍ത്തികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അഭയാര്‍ത്ഥി- ഭാരം പങ്കുവയ്ക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കാനൊരുങ്ങുന്നത്. യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തെ പരിമിതപ്പെടുത്താനും, നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ ഒന്നിക്കുന്നതിലൂടെ സാധ്യമാവും.

പരിഷ്കാരങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് ഇ-യു ആഭ്യന്തര കമ്മീഷണര്‍ യൽവാ ജോഹാൻസൺ കഴിഞ്ഞ ദിവസം പറഞ്ഞു. യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജറാൾഡ് ദാർമാനിന് യോഗത്തില്‍‍ പറഞ്ഞു. ഘട്ടം ഘട്ടമായാണ് ഈ പരിഷ്കാരങ്ങല്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ത്ഥി നയങ്ങളെ ഉടച്ചുവാര്‍ക്കുന്നതിനായുള്ള യൂറോപ്യന്‍ യൂണിയൻറെ നടപടികള്‍ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക എന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സങ്കീര്‍ണ്ണമായ നടപടികളായതിനാല്‍ വിവിധ ഘട്ടങ്ങളായി മാത്രമേ ഇവ നടപ്പിലാക്കാന്‍ കഴിയൂ എന്ന നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു വന്നതായും, രാഷ്ട്രങ്ങള്‍ ഇത് അംഗീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ഇതിനായുള്ള ആദ്യപടി വരും ആഴ്ചകളില്‍ തന്നെ ആരംഭിക്കും.

യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ചെക്ക് റിപബ്ലിക്, ഹങ്കറി, പോളണ്ട്, സ്ലൊവാക്യ, എന്നീ രാജ്യങ്ങള്‍ വലിയ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇറ്റലി, ഗ്രീസ്, മാള്‍ട്ട, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളുടെ എണ്ണവും കൂടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകീകൃത നയം രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് ഇയു രാജ്യങ്ങള്‍ എത്തിയത്. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാവാത്ത രാജ്യങ്ങള്‍ അതിന് തയ്യാറാവുന്ന രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന നിര്‍ദ്ദേശം ഫ്രാന്‍സിൻറെ ഭാഗത്തുനിന്നും യോഗത്തില്‍ ഉയര്‍ന്നുവരികയുണ്ടായി.