തിരുവന്തപുരം : കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രികര്‍ക്കും കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇനി പരിശോധന ഉണ്ടാവുകയുള്ളു. വിദേശത്ത് നിന്ന് വരുന്നവര്‍ രോഗ ലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.
അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിൻറെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.
അതേസമയം, വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് അടക്കമുള്ളവയ്ക്ക് അന്യായമായ നിരക്ക് ഈടാക്കുന്ന സ്ഥിതി പാടില്ലെന്ന് യോഗം നിര്‍ദ്ദേശിച്ചു. പ്രവാസികള്‍ക്ക് താങ്ങാനാവുന്ന നിരക്ക് മാത്രമേ ഏര്‍പ്പെടുത്താവൂ എന്നും, വേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.