ഡബ്ലിന്‍ : പുതിയ ആശങ്കകള്‍ക്ക് വഴിതുറന്നു കൊണ്ട് അയര്‍ലണ്ടില്‍ കോവിഡ്-19ൻറെ രണ്ട് പുതിയ വേരിയന്റുകള്‍ സ്ഥിരീകരിച്ചു. കോവിഡിൻറെ ബി എ.4, ബി എ 5 എന്നീ ഒമിക്രോണ്‍ വേരിയന്റിൻറെ രണ്ട് ഉപ-ലൈനേജുകളെയാണ് ഈ മാസമാദ്യം യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ തിരിച്ചറിഞ്ഞത്.
ജനുവരിയിലും ഫെബ്രുവരിയിലുമാണ് ദക്ഷിണാഫ്രിക്കയില്‍ ബി എ 4, ബി എ 5 എന്നിവ ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം അവ പ്രബലമായെന്ന് ഇ സി ഡി സി റിപ്പോര്‍ട്ട് പറയുന്നു. വാക്സിനേഷൻറെ പ്രതിരോധ ശേഷിയിലുണ്ടായ കുറവാണ് പുതിയ വേരിയന്റ് വ്യാപകമാകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമിക്രോണിനെ അപേക്ഷിച്ച് ബി എ 4/ബിഎ.5 ൻറെ രോഗ വ്യാപന തീവ്രതയില്‍ മാറ്റമൊന്നുമില്ലെന്നും ഏജന്‍സി പറയുന്നു. പോര്‍ച്ചുഗലും ഓസ്ട്രിയയും ഒഴികെയുള്ള ഇയു /ഇഇഎ രാജ്യങ്ങളില്‍ ഈ വേരിയന്റുകളുടെ അനുപാതം നിലവില്‍ കുറവാണ്. എന്നിരുന്നാലും രോഗ വ്യാപന സാധ്യത തള്ളിക്കളയാനാവില്ല.
മേയ് ഏഴിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹന്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലിക്ക് നല്‍കിയ റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിക്കുന്നു. അയര്‍ലണ്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള രണ്ട് സബ് വേരിയന്റുകളും രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കാമെന്ന് സി എം ഒയുടെ കത്തില്‍ പറയുന്നു.