ന്യൂയോര്‍ക്ക് : അടുത്തിടെ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വേരിയന്റ് അപകടകാരിയാണെന്ന് സംശയങ്ങള്‍ക്കതീതമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യ മേഖലയുടെയാകെ ഉറക്കം കെടുത്തിയ പുതിയ താരത്തിന് ‘ഒമിക്രോണ്‍’ എന്ന് പേരിട്ടു.
ദക്ഷിണാഫ്രിക്കയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടയിലാണ് ഈ വേരിയന്റ് ഡെല്‍റ്റയേക്കാള്‍ അതി ഭീകരനാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
കോവിഡ് എപ്പിഡെമിയോളജിയിലെ ഹാനികരമായ മാറ്റത്തെ സൂചിപ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വേരിയന്റിനെ ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നവംബര്‍ 23ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ മുന്‍ വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തനായ മാരകനാണെന്നും സംഘടന വിശദീകരിച്ചു.
ഒമിക്രോണിന് അനുയോജ്യമായ പുതിയ വാക്സിന്‍ 100 ദിവസത്തിനകം ലഭ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസര്‍ ബയോഎന്‍ടെക്ക് പറഞ്ഞു. വാക്‌സിനിലും ആന്റിബോഡി കോക്ടെയിലിലും പുതിയ വേരിയന്റിൻറെ സ്വാധീനം പരിശോധിച്ചുവരികയാണ്. കോമ്പിനേഷന്‍ മരുന്ന് ഫലപ്രാപ്തി തരുമെന്ന് പ്രതീക്ഷിക്കുന്നതായും ആസ്ട്രാസെനക പറഞ്ഞു.