ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്ന് മറ്റൊരു വൈറസ് മുന്നറിയിപ്പ് കൂടി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയതരം വൈറസ് അതിമാരകമാണെന്നാണ് വുഹാന്‍ ഗവേഷകരുടെ വിലയിരുത്തല്‍. നിലവിലെ കൊവിഡ് വേരിയന്റുകളേക്കാള്‍ ഉയര്‍ന്ന മരണനിരക്കും ഉയര്‍ന്ന പ്രക്ഷേപണ നിരക്കും ഉള്ളതാണ് നിയോകോവ് വൈറസെന്ന് അവര്‍ വാദിക്കുന്നു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വുഹാന്‍ ഗവേഷകരുടേത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടക്കാട്ടി മറ്റു ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ മാത്രമാണ് നിയോകോവിൻറെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് എന്ന വൈറസ് പുതിയതല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന നിയോകോവ് 2012ലും 2015ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ്-2 ന് സമാനമാണ്. പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വുഹാന്‍ ഗവേഷകര്‍ പറയുന്നത്.
മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ഈ പുതിയ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാന്‍ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിൻറെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകര്‍ പറയുന്നു. അതേസമയം, വുഹാന്‍ ഗവേഷകര്‍ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസായ നിയോകോവ് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.