ട്വിറ്ററിൻറെ തലപ്പത്ത് ഇനി ഇന്ത്യന്‍ വംശജന്‍

Entertainment General Social Media

അമേരിക്കന്‍ മൈക്രോബ്ലോഗിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സേവനമായ ട്വിറ്ററിൻറെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആയി ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രാവല്‍. ട്വിറ്ററിൻറെ സിഇഒയും സഹസ്ഥാപകനും കൂടിയായ ജാക്ക് ഡോഴ്‌സി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പരാഗ് ചുമതല ഏറ്റത്. നിലവില്‍ കമ്പനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസറാണ് 37 കാരനായ പരാഗ്.

ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗ്രാവലിനെ സിഇഒ ആയി തിരഞ്ഞെടുത്തത് എന്ന് ട്വിറ്റര്‍ അറിയിച്ചു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമായ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും പിന്നില്‍ പരാഗ് ഉണ്ടായിരുന്നു. സിഇഒ എന്ന നിലയില്‍ വളരെ ആഴത്തിലുള്ള വിശ്വാസമാണ് പരാഗില്‍ കമ്പനിക്കുള്ളതെന്നും അറിയിപ്പില്‍ പറയുന്നു.

ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ്. ഇവിടെ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011 ഒക്ടോബറില്‍ പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിൻറെ ഭാഗമായി. 2017 ഒക്ടോബറില്‍ കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി.

16 കൊല്ലത്തെ സേവനത്തിന് ശേഷം സ്ഥാനം ഒഴിയുന്നതായി ട്വിറ്ററിലൂടെ 45 കാരനായ ജാക്ക് ഡോഴ്‌സി അറിയിക്കുകയായിരുന്നു. ട്വിറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്‌ക്വയറിൻറെ ചുമതല കൂടി വഹിക്കുകയാണ് എന്നും ആരോപിച്ച് ഡോഴ്‌സിയോട് സ്ഥാനമൊഴിയാന്‍ ട്വിറ്ററിൻറെ ഓഹരിയുടമയായ എലിയട്ട് മാനേജ്മെൻറ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ജാക്കിനും ടീമിനും നന്ദി അറിയിച്ചുകൊണ്ട് പരാഗ് അഗ്രാവല്‍ ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിൻറെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം നമ്മളെ ഉറ്റുനോക്കുന്ന കാലമാണിത്. ട്വിറ്ററിൻറെ അനന്ത സാധ്യതകള്‍ നമുക്ക് ലോകത്തിന് കാണിച്ചുകൊടുക്കാം എന്നും അദ്ദേഹം കുറിച്ചു.

ഇതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യന്‍ വംശജരെന്ന അപൂര്‍വ്വതയുമുണ്ട്. ഗൂഗിള്‍- ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിൻറെ സത്യ നദല്ല, അഡോബിൻറെ ശന്തനും നാരായെന്‍, ഐബിഎമ്മിൻറെ z അരവിന്ദ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ഇനി പരാഗ് അഗ്രാവലും.