തിരുവനന്തപുരം : കേരളത്തില്‍ അയര്‍ലണ്ടുകാരിയായ ലിഗ സ്‌ക്രോമാനെ ബലാല്‍സംഗത്തിന് ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ വിചാരണ അന്തിമഘട്ടത്തിലേയ്ക്ക്. മലയാളി യുവാക്കളായ ഉദയന്‍ (27), ഉമേഷ് (31) എന്നിവര്‍ പ്രതികളായ കേസ് നാല് വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. ഈ മാസം 21ന് വിചാരണ അവസാനിക്കുമെന്നാണ് കരുതുന്നത്. ലിഗയെ മയക്കുമരുന്ന് നല്‍കിയ ശേഷം കോവളത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ചു കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2018 മേയ് മാസം ഒരു റിട്രീറ്റില്‍ നിന്നുമാണ് ലാത്വിയന്‍ യുവതിയെ കാണാതായത്. പിന്നീട് ആറാഴ്ചയ്ക്ക് ശേഷം കണ്ടല്‍ക്കാടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോര്‍ക്കില്‍ ബ്യൂട്ടിഷന്‍ സ്ഥാപനം നടത്തുന്ന സഹോദരി ഇല്‍സെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവരും ലിഗയ്ക്കൊപ്പം കേരളത്തിലുണ്ടായിരുന്നു. ലിഗയുടെ വിഷാദരോഗം ചികിത്സിക്കുന്നതിനായിരുന്നു ഇരുവരും കേരളത്തിലെത്തിയത്.
ചികിത്സയ്ക്കിടെ യോഗാ ക്ലാസിന് ശേഷം മാര്‍ച്ച് 14 -നാണ് ലിഗയെ കാണാതായതെന്ന് ഇല്‍സെ കോടതിയില്‍ പറഞ്ഞു. സഹോദരിക്കും കുടുംബത്തിനും നീതി ലഭിക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും ഇല്‍സെ പറഞ്ഞു. സഹോദരി ലിഗ മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. തുടക്കത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. എന്നാല്‍ പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്തു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഇല്‍സെ പറഞ്ഞു.