നയന്‍താരയും വിഗ്‌നേഷ് ശിവനും വിവാഹിതരായി

Entertainment Headlines Movies TamilNadu

ചെന്നൈ: നീണ്ട നാളത്തെ പ്രണയത്തിനു ശേഷം നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായി. വിവാഹ ചിത്രം ‘ജെസ്റ്റ് മാരിഡ്’ എന്ന കുറിപ്പോടെ വിഘ്‌നേഷ് തൻറെ ട്വീറ്റര്‍ പേജുവഴി ആരാധകര്‍ക്കായി പങ്കുവെച്ചു. നയന്‍താര ചുവപ്പ് സാരിയിലും വിഘ്‌നേഷ് സാന്റല്‍ നിറത്തിലുമുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നത്.

ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ബോഴിവുഡ് താരം ഷാറൂഖ് ഖാന്‍, സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, സൂര്യ, ദിലീപ്, ആര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തിരുന്നു.

വിവാഹദിനത്തില്‍ തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്ക് നയന്‍ താരയും വിഘ്നേഷും സദ്യയുമൊരുക്കി. ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകള്‍ക്കേ ക്ഷണമുള്ളൂവെങ്കിലും ഒരുലക്ഷത്തിനു മുകളില്‍ ആളുകള്‍ വിവാഹസദ്യ കഴിക്കും. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇരുവരും ഇത്രയും ആളുകള്‍ക്കായി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.