യൂറോപ്പിന് ഇന്ധനം നല്കാന്‍ അമേരിക്ക

Business Europe USA

ബ്രസല്‍സ് : പാചകവാതകത്തിനായി റഷ്യന്‍ ആശ്രിതത്വം ഒഴിവാക്കാന്‍ വേറെ വഴിതേടുകയാണ് യൂറോപ്യന്‍ യൂണിയന്‍. അതിൻറെ ഭാഗമായി ഇയുവും യുഎസും പാചകവാതക വിതരണം സംബന്ധിച്ച കരാറിലെത്തി. 2022 അവസാനത്തോടെ 15 ബില്യണ്‍ ക്യുബിക് മീറ്റര്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നതിനാണ് യൂറോപ്യന്‍ യൂണിയനും യുഎസും ധാരണയിലെത്തിയത്.

റഷ്യന്‍ ഇന്ധന ഇറക്കുമതിയില്‍ നിന്ന് പുറത്തുവരുന്നതിന് യൂറോപ്പിനെ സഹായിക്കുന്നതിന് ഒത്ത് പ്രവര്‍ത്തിക്കുന്നതിനാണ് കരാര്‍ ലക്ഷ്യമിടുന്നത്. കരാര്‍ പ്രകാരം, കുറഞ്ഞത് 2030 വരെ 50 ബില്യണ്‍ ക്യുബിക് മീറ്റര്‍ എല്‍എന്‍ജി യുഎസ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കും. എന്നാല്‍ ഉടമ്പടിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിലവിലെ റീഗാസിഫിക്കേഷന്‍ കപ്പാസിറ്റി, ടെര്‍മിനലുകളുടെ എണ്ണം, ഇന്റര്‍കണക്ടറുകള്‍ എന്നിവയുടെ കുറവു മൂലം യുഎസില്‍ നിന്നുള്ള അധിക ഇറക്കുമതി ആരംഭിക്കുന്നതിന് സമയമെടുക്കുമെന്നാണ് ഇയു ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

റഷ്യന്‍ ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഒത്തുചേരുകയാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇതൊരു വലിയ ചുവടുവെപ്പാണെന്നും ബൈഡന്‍ വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ നിന്നും യൂറോപ്യന്‍ കമ്മീഷനില്‍ നിന്നും പ്രതിനിധികള്‍ അധ്യക്ഷരായി സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും ഇരു കൂട്ടരും തമ്മില്‍ ധാരണയായി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പ്രകൃതിവാതകത്തിൻറെ ആവശ്യകത കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളും ഇതിൻറെ ഭാഗമായുണ്ടാകും.

യൂറോപ്യന്‍ യൂണിയൻറെ ഏറ്റവും വലിയ പ്രകൃതി വാതക വിതരണക്കാരനാണ് റഷ്യ. യൂറോപ്പിൻറെ ഇറക്കുമതിയുടെ 40% ത്തിലധികവും റഷ്യയില്‍ നിന്നാണ്. യൂറോപ്യന്‍ യൂണിയന്‍ കല്‍ക്കരി, എണ്ണ ഇറക്കുമതിയുടെ വലിയ വിഹിതവും റഷ്യയില്‍ നിന്നാണ്.

റഷ്യന്‍ വാതകത്തിൻറെ ഭൂരിഭാഗവും പൈപ്പ് ലൈനുകള്‍ വഴിയാണ് യൂറോപ്പ് ഇറക്കുമതി ചെയ്യുന്നത്. ഒരു ചെറിയ ഭാഗം മാത്രമേ എല്‍എന്‍ജി രൂപത്തില്‍ വരുന്നുള്ളു. പൈപ്പ് ലൈനുകളിലൂടെ യൂറോപ്പിലേക്ക് ഏതാണ്ട് 150 ബില്യണ്‍ ക്യുബിക് മീറ്റര്‍ ഗ്യാസാണ് റഷ്യ എത്തിയ്ക്കുന്നത്. 14 മുതല്‍ 18 ബില്യണ്‍ വരെ എല്‍എന്‍ജി രൂപത്തിലും എത്തുന്നു.