വയനാട്‌ മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികളായ മൂന്ന്​ പേര്‍ അറസ്റ്റില്‍

Kerala

മലപ്പുറം: വയനാട്‌ മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികളായ മൂന്ന്​ പേര്‍ അറസ്റ്റില്‍.പ്രതികളായ മുട്ടില്‍ വാഴവറ്റയില്‍ റോജി അഗസ്‌റ്റിന്‍, ആ​​​​​​േന്‍റാ അഗസ്‌റ്റിന്‍, ജോസ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ അറസ്‌റ്റില്‍.

ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക്‌ പോകുന്നതിനിടയില്‍ കുറ്റിപ്പുറം പാലത്തിന്‌ സമീപം തിരൂര്‍ ഡിവൈ.എസ്​.പി കെ എ സുരേഷ്‌ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ക്രൈംബ്രാഞ്ച്‌ സംഘത്തിന്​ കൈമാറി. മുട്ടില്‍ മരംമുറി കേസിലെ പ്രധാന പ്രതികളാണ്‌ അറസ്‌റ്റിലായ ഇവര്‍.

പൊലീസ്‌ കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ ഇവരുടെ അമ്മ മരിച്ചിരുന്നു. സംസ്​കാര ചടങ്ങില്‍ പ​ങ്കെടുക്കണമെന്നും, ചടങ്ങ്​ തീരും വരെ അറസ്റ്റ്​ ചെയ്യരുതെന്നും ആവശ്യപ്പെട്ട്‌ ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇത്‌ പരിഗണിക്കുന്നതിനിടയിലാണ്‌ അറസ്റ്റ്​. അതെ സമയം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന്‌ പൊലീസ്‌ കോടതിയില്‍ അറിയിച്ചു. നാളെ പകല്‍ 11.30 നാണ്‌ സംസ്‌കാരം.