പാലക്കാട് ധോണിയില്‍ യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടില്‍ കയറ്റാത്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഹേമാംബിക നഗര്‍ പോലീസാണ് ഭര്‍ത്താവിനെതിരെ കേസെടുത്തത്. ഭാര്യക്കും കുഞ്ഞിനും സംരക്ഷണം നല്‍കണമെന്ന വനിത സംരക്ഷണ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടപടി.
സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. യുവതിയെ ഫോണ്‍വഴി ബന്ധപ്പെട്ട് വിശദമായ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ചാണ് യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. യുവതിക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.